ആലപ്പുഴ: എസ്ഡി കോളജിൽ ഒന്നാംവർഷ വിദ്യാർഥികളുടെ ചോദ്യപേപ്പർ മാറിയ സംഭവം വിവാദത്തിൽ. വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. കഴിഞ്ഞ ജനുവരിയിൽ നടന്ന പരീക്ഷയിലാണ് 2024 അഡ്മിഷൻ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് ചോദ്യപേപ്പർ ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് നൽകിയത്. പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് എടുത്തപ്പോഴാണ് ചോദ്യപേപ്പർ മാറിയത് അധ്യാപകർക്ക് മനസിലായത്. തുടർന്ന് ഇക്കാര്യം കേരള സർവകലാശാല രജിസ്ട്രാറെയും പരീക്ഷാ കൺട്രോളറെയും പ്രിൻസിപ്പൽ അറിയിച്ചു.
തുടർന്ന് എല്ലാ ഡിപ്പാർട്ടുമെന്റുകളിൽനിന്നും വിവരം ശേഖരിച്ച് 22ന് രേഖാമൂലം യൂണിവേഴ്സിറ്റിയെ അറിയിച്ചു. ജനുവരി 8, 12, 14 തീയതികളിൽ നടന്ന പരീക്ഷകളിലാണ് ചോദ്യപേപ്പർ മാറിയത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലായി 210 വിദ്യാർഥികൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഇക്കാര്യം വിശദമായി അതത് വകുപ്പ് മേധാവികൾ വിദ്യാർഥികളെ അറിയിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ജനുവരി എട്ടിന് നടന്ന ഫിസിക്സ് പേപ്പറായ പ്രോപ്പർട്ടീസ് ഒഫ് സോളിഡ്സ്, ഹിസ്റ്ററി വിഭാഗത്തിന്റെ ജെൻഡർ ത്രൂ ദി ഏജസ്. 12ന് നടന്ന ഇക്കണോമിക്സ് വിഭാഗത്തിന്റെ ഫണ്ടമെന്റൽസ് ഒഫ് മൈക്രോ ഇക്കണോമിക്സ്, ഹിസ്റ്ററിയിലെ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ, 14ന് നടന്ന എക്കണോമിക്സിലെ എക്കണോമിക്സ് ഫോർ എവരി വൺ, മാത്സ് വിഭാഗത്തിലെ ന്യൂമറിക്കൽ എബിലിറ്റി-1, ഫിസിക്സിലെ ഗ്രീൻ എനർജി എന്നീ ചോദ്യപേപ്പറുകളാണ് മാറിയത്.
വിദ്യാർഥികളും ചോദ്യപേപ്പറിലെ വർഷം ശ്രദ്ധിച്ചില്ല. സംഭവത്തിൽ യൂണിവേഴ്സിറ്റി കൂടിയാലോചിച്ച് നടപടി സ്വീകരിച്ചുവരികയാണ്. എന്നാൽ രണ്ടുവർഷത്തെ വിദ്യാർഥികളുടെയും സിലബസുകൾ തമ്മിൽ 10 ശതമാനത്തിന്റെ വ്യത്യാസം മാത്രമേവരുത്തിയട്ടുള്ളു. ഇതാണ് വിദ്യാർഥികൾക്കും ചോദ്യപേപ്പർ മാറിയത് മനസിലാക്കാൻ സാധിക്കാതിരുന്നത്. 1.30ന് നടക്കേണ്ട പരീക്ഷയ്ക്ക് 11 മണിക്കാണ് വെബ്സൈറ്റിൽനിന്ന് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. ഒരുദിവസം കോളജിൽ 36 പരീക്ഷകൾ വരെ നടക്കാറുണ്ട്. ഇങ്ങനെവന്ന പിഴവാണിതെന്നും കോളജ് അധികർതർ പറഞ്ഞു.
പ്രതിഷേധം ആസൂത്രിതം
ചോദ്യപേപ്പർ മാറിയത് അറിഞ്ഞപ്പോഴും ഫലം വന്നപ്പോഴും ഇല്ലാതിരുന്ന പ്രതിഷേധം ഇപ്പോൾ ഉയർത്തുന്നത് ആസൂത്രിതമാണെന്ന് കോളജ് അധികൃതർ പറയുന്നു. കോളജ് വളപ്പിലുണ്ടായിരുന്ന നക്ഷത്രക്കുളം മൂടിയതുമായ ബന്ധപ്പെട്ട കാരണങ്ങളാണ് ഇിനുപിന്നിൽ. മൂടിയ കുളം തുറന്നുനൽകിയില്ലെങ്കിൽ ചോദ്യപേപ്പർ മാറി നൽകിയത് പുറത്ത് അറിയിക്കുമെന്ന് വിദ്യാർഥി യൂണിയൻ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പ്രിൻസിപ്പലിന്റെ മുറി പുറത്തുനിന്നു പൂട്ടുകയും നക്ഷത്രക്കുളം മൂടിയ സ്ഥലത്തെ മണ്ണ് പ്രിൻസപ്പലിന്റെ മുറിയിൽ കൊണ്ടിടുകയും ചെയ്തിരുന്നു. കുളം തുറന്നില്ലെങ്കിൽ പ്രിൻസിപ്പലിന്റെ കസേരയിൽ വാഴ വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോളജിലെ നക്ഷത്രക്കുളം മൂടിയതാണ് കുട്ടികൾ ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. ചോദ്യപേപ്പർ മാറിയ വിവരം സർവകലാശാലെയെ അറിയിച്ചിട്ടുണ്ട്. സർകലാശാലയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് അധികൃതർ.
ഡോ. വി.ആർ. പ്രഭാകരൻ നായർ
പ്രിൻസിപ്പൽ ഇൻചാർജ്
എസ്.ഡി കോളജ്, ആലപ്പുഴ